ദി ആൽക്കെമിസ്റ്റ് പൗലോ കൊയ്‌ലൊ പുസ്തക നിരൂപണം

പുസ്തക നിരൂപണം"ദി ആൽക്കെമിസ്റ്റ്" പൗലോ കൊയ്‌ലൊ റാഫി ഒറ്റപ്പാലം.
 ലോക പ്രശസ്ത  ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ മാസ്റ്റർപീസ് കൃതിയാണ് "ദി ആൽക്കെമിസ്റ്റ്". എഴുപതിലധികം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഈ കൃതി ഇതിനോടകം തന്നെ മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന നോവൽ എന്ന ഖ്യാതിയിലേക്ക് മാറിയിട്ടുണ്ട്. 1988ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലൂടെ ആട്ടിൻപറ്റത്തെ മേച്ചു നടന്ന സാന്റിയാഗോ എന്ന ഇടയബാലന്റെ ഒരു സ്വപ്ന സാക്ഷാൽക്കാരത്തിന്റെ നിമിഷങ്ങളെയാണ് ഒരു യാത്രാവിവരണം എന്നപോലെ അദ്ദേഹം ഈ ഗ്രന്ഥത്തിൽ വരച്ചു കാണിക്കുന്നത്. അതുല്യമായ ഇസ്ലാമിക ചലനങ്ങൾക്ക് വേദിയാകാൻ ഭാഗ്യം ലഭിച്ച അറേബ്യൻ നാഗരികതയുടെ മണൽപ്പരപ്പുകളിലേക്കും, പ്രപഞ്ചാത്മാവിന്റെ ഉണ്മ തേടിയുള്ള സംസ്കാരിക വെണ്മയിലേക്കും അനുവാചകരെ ആനയിക്കുന്ന ഒരു കൃതി കൂടിയാണിത്.

The Alchemist Novel by Paulo Coelho book review 2020

ഒരു തീർത്ഥാടന കേന്ദ്രത്തിൽ വെച്ചുണ്ടായ ഒരു ഉൾവിളിയുടെ പ്രേരകത്തിലാണ് കൊയ്‌ലോ ഈ കഥയെഴുത്തിലേക്ക് കടന്നതെന്നാണ് ചരിത്രം.യഥാർത്ഥത്തിൽ അതിന് മുമ്പ് അദ്ദേഹം ഒരു സാഹിത്യകാരനെന്ന നിലയിലും ഒരു നാടകകൃത്തായും, പോപ്പ് ഗായകർക്ക് വേണ്ടിയും മാത്രം പാട്ടെഴുതിയിരുന്ന ഒരാളായിരുന്നു.
സ്വപ്ന ദർശനത്തിൽ കാണാനിടയായ നിധി തേടിയുള്ള ഒരു യാത്ര എന്നതിലുപരി മനുഷ്യജീവിതത്തിലെ ജയപരാജയങ്ങളുടെ അനുസ്യൂതമായ തലങ്ങളിലേക്കാണ് കൊയ്‌ലോ ആൽക്കെമിസ്‌റ്റിനെ കൊണ്ടുപോയത്. തന്റെ രചനകൾ ഏതു തന്നെയായാലും അതിൽ ദൈവികപരമായ സൗരഭ്യം നൽകുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഈ കൃതിയിലും ഐഹികജീവിതത്തിന് ദിവ്യാനുഭൂതി നൽകിയ രീതിയാണുള്ളത്. ഒരു ദൈവാന്യോഷികനെന്ന നിലയിലാണ് അദ്ദേഹം തന്റെ ആൽക്കെമിസ്റ്റ് തുടങ്ങിയതെങ്കിലും സാമൂഹിക വായനയും, മനസിന്റെയും, ശരീരത്തിന്റെയും അടയാളങ്ങൾ തേടിയുള്ള ഒരാന്യോഷണം കൂടി ഈ കൃതിയിൽ ആവിഷ്‌കൃതമയപ്പോൾ ജനങ്ങൾക്കിടയിൽ പ്രീതി നേടാൻ ഇതിനായി എന്നതാണ് വാസ്തവം.

ലക്ഷ്യപ്രാപ്തി നേടാൻ തയ്യാറായ ഒരു ഇടയന്റെ ജീവിതയാത്ര എന്നു പറഞ്ഞുകൂടാ ഇൗ കൃതിക്ക്. മറിച്ച്, മനുഷ്യജീവിതത്തിന്റെ അസ്ഥിത്വവുമായി അഭേദ്യമായ ബന്ധം കൂടിയുണ്ടിതിന്. അത് പല രൂപത്തിലായി നമുക്ക് ഈ കൃതി വായിക്കുമ്പോൾ ദർശിക്കാം... ബാഹ്യമായ ഭാഷാവൈഭവത്തിനപ്പുറം ഹൃദയത്തിനൊരു ഭാഷയുണ്ടെന്നും, പ്രപഞ്ചത്തിലെ അടയാളങ്ങളെ അനായാസമല്ലാതെ എത്തിപ്പിടിക്കാനാവില്ലെന്നും, സൃഷ്ടികൾ പരസ്പ്പരം മനസ്സിലാക്കലാണ് പ്രകൃതിയുടെ സൗന്ദര്യമെന്നും സൂചിപ്പിക്കുന്നു കൂടിയു ണ്ട്. എന്നാൽ അദ്ദേഹം ഇതിൽ ഒരു നിബന്ധന കൂടി വച്ചിട്ടുണ്ട് അത് ഓരോ വ്യക്തിയും അവന്റെ സ്വകാര്യഐതിഹ്യത്തെ പിന്തുടർന്ന് കൊണ്ടാവണം എന്നായിരുന്നു അത്.
സെമിനാരിയിൽ ചേർക്കപ്പെട്ട 16 കാരന് പുസ്തകങ്ങളോടും യാത്രയോടുമായിരുന്നു താല്പര്യം. ആ യാത്ര തന്നെയാണ് ലോകം ചുറ്റണമെന്ന ഒരു യാത്രാനുരാഗിയുടെ വേഷത്തിലേക്ക് അവനെ കൊണ്ടെത്തിച്ചതും. അതിനൊരു നിമിത്തം മാത്രമായിരുന്നു ആ സ്വപ്നദർശനം. കേവലം ഒരു നിധി എത്തിപ്പിടിക്കലല്ല കൊയ്‌ലോ തന്റെ കഥാനായകനെ കൊണ്ട് ലക്ഷ്യം വെച്ചിരുന്നത്. മറിച്ച്, പരിശ്രമങ്ങളുടെയും, ആത്മവിശ്വാസ ത്തിന്റെയും നേർചിത്രങ്ങളാണ് അവനിൽ നിഴലിച്ചു കാണിപ്പിച്ചത്.
യാത്ര തുടങ്ങിയപ്പോൾ ഇടയന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളെല്ലാം ഓരോ നിമിത്തങ്ങളായാണ് കൊയ്‌ലോ വിശേഷിപ്പിക്കുന്നത്. അവരെല്ലാം നായകന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പടവുകൾ കയറാനുള്ള ഊന്നുവടികളാക്കി മാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം."നിന്റെ എല്ലാ ഇടപാടുകളുടെയും പുറകിലുള്ള ഉദ്ദേശം ഒന്നേ ഒന്ന് മാത്രമാണ്. വഴിയിൽ കാണുന്ന നിമിത്തങ്ങൾ, അവയുടെ അർത്ഥങ്ങളും, ശ്രദ്ധാപൂർവം മനസ്സിലാക്കണം, എന്തൊക്കെ സംഭവിച്ചാലും ലക്ഷ്യം നേടുമെന്ന ദൃഢനിശ്ചയം ഉണ്ടായിരിക്കണം". ഇത് ഒരു കിഴവൻ ആ ഇടയാനോട്‌ പറഞ്ഞ വാക്കുകളാണ്. തന്റെ അനുവചകരോടുള്ള ഒരു വിജയ സന്ദേശമാണ് ഇതിലൂടെ കൊയ്‌ലോ കൈമാറുന്നതെന്ന് മനസ്സിലാക്കാം.
അനന്തമായ മരുഭൂമിയിൽ സാർവ്വലൗകികമായ ഭാഷ മനസ്സിലാക്കുക വഴി സ്വയം വെളിപാടാലും, ഉൾവിളിയാലും അതിനെ നിർവ്വചിക്കുമ്പോൾ എന്തുകൊണ്ടും ആൽക്കെമിസ്റ്റ് ഒരു അനുഭൂതിയായി മാറുന്നുണ്ട് ഈ കൃതിയിൽ. ഈയ്യങ്ങൾ ഉരുക്കി സ്വർണമാക്കുന്ന ആൽക്കെമിസ്റ്റിനെ തേടിയും യാത്രചെയ്ത കഥാ നായകന്റെ കൂട്ടിന് പിന്നീട് ഉണ്ടായതും,ലക്ഷ്യത്തിലേക്ക് എത്തിച്ചതും അതേ ആൽക്കെമിസ്റ്റിന്റെ ഉയർത്തെഴുനേൽപ്പ് തന്നെയാണെന്ന് കൊയ്‌ലോ നമ്മെ ദ്യോതിപ്പിക്കുന്നു. "ആത്മധൈര്യം കൈമുതലാക്കിയവർക്കേ പ്രകൃതിയുടെ മനസ്സ് അറിയാൻ കഴിയൂ" എന്നാണ് തന്റെ കഥാപാത്രമായ ആൽക്കെമിസ്റ്റ് പറഞ്ഞുതരുന്നതും.
ഈ പ്രപഞ്ചത്തിന് ഒരു ആത്മാവുണ്ട് അത് കണ്ടെത്താൻ കഴിയുന്ന ആൾക്ക് പ്രകൃതിയുടെ ഭാഷയും വശമാക്കാൻ കഴിയും. പണ്ടത്തെ ആൽക്കെമിസ്റ്റുകൾ ഈ ആത്മബോധം കൈവരിച്ചവരായിരുന്നു. അതുകൊണ്ടാണ് അവർക്ക് പ്രപഞ്ചത്തിന്റെ ആത്മാവിനെയും, ചിന്താമണിയേയും, പ്രാണസുധയെയും കണ്ടെത്താനായത് ഒരു ആൽക്കെമിസ്റ്റിന്റെ ധർമ്മത്തെ കുറിച്ചാണ് പൗലോ കൊയ്ലോ ഇവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹം തന്റെ ഈ കൃതിയിൽ വീണ്ടും കുറിക്കുന്നുണ്ട്. ഒരു ആൽ ക്കെമിസ്റ്റിന്റെ പ്രവർത്തികളെല്ലാം ആത്മീയമായ തലത്തിലാണ്. തികച്ചും ഭൗതികമായ ഒരു വസ്തുവിലേക്ക് ദൈവത്തിന്റെ അനന്തമായ ആത്മീയശക്തി ആവാഹിക്കുകയാണ് ആൽക്കെമിസ്റ്റിന്റെ ധർമ്മമെന്നും അദ്ദേഹം സൂചിപ്പിക്കുമ്പോൾ ഈ കൃതിയിൽ ഉൾക്കൊണ്ടതായിട്ടുള്ള ആൽക്കെമിസ്റ്റിന്റെയും, ഇടയന്റെയും വഴിയടയാളങ്ങൾ തുറന്നുകാട്ടിയത് യഥാർഥത്തിൽ എന്ത് കൊണ്ടും ഒരു വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുമെന്നത് അവിതർക്കിതമാണ്. ഈ കൃതി വായിക്കുന്നവർക്ക് വലിയൊരു വിജയ രഹസ്യം തന്നെ കൊയ്‌ലോ ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട് .


The Alchemist Novel by Paulo Coelho book review 2020


നിങ്ങളുടെ സൃഷ്ടികൾ അയക്കുക ഞങ്ങൾ അത് പ്രസിദ്ധീകരിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടുക ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍