ശൂന്യത മലയാളം ചെറുകഥ റാഫി ഒറ്റപ്പാലം

ശൂന്യത മലയാളം ചെറുകഥ റാഫി ഒറ്റപ്പാലം റാഫി ഒറ്റപ്പാലത്തിന്റെ ചെറുകഥ

ശൂന്യത


 ഗതകാലസ്മരണകൾ അയവിറക്കി ഒരു പ്രൈവറ്റ് കമ്പനിയുടെ ഹാളിലെ ഓരം ചേർന്നിരിക്കുകയാണ് രജിത.. കുല മഹിമയുടെ പേരിൽ പ്രൗഢിനിറഞ്ഞ ഒരു കുടുംബത്തിൽ ജനിച്ച ഒരു പാവം അപരിഷ്കൃത സ്ത്രീയാണവൾ. മനുഷ്യരെന്ന ദ്വൈത്വ സമൂച്ചയത്തിലെ കണ്ണിയായ ഒരു സ്ത്രീക്ക്, അവളുടെ നിസ്സഹായാവസ്ഥ എത്രത്തോളമെന്നതിന്റെ നേർക്കാഴ്‌ച്ച അവളുടെ ജീവിതം നമുക്ക് പറഞ്ഞു തരും...

ചെറുപ്രായമാണവൾക്ക്.ജീവിതസുഖങ്ങളോട് ഇണങ്ങി വരുന്നേയുള്ളൂ.. ഇപ്പോൾ തന്നെ എത്രത്തോളം ദുരിതങ്ങൾ അനുഭവിച്ചിരിക്കുന്നു..

Malayalam short story 2020


കുലമഹിമയുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്രായത്തിൽ തന്നെ കുടുംബ വഴക്കുകൾ കണ്ടും, കേട്ടുമാണ് രജിത വളർന്നത്... സ്ത്രീകൾക്ക് വലിയ വിലയൊന്നും നൽകാത്ത ഒരു പരിഷ്‌ക്കാര കുടുംബഗോത്രമായിരുന്നു അവളുടേത്. അതിനിടയിലേക്കാണ് അവളുടെ ജനനവും,കുട്ടിക്കാലവും കടന്നുവന്നത്. തന്നെ പ്രസവിച്ച അമ്മയ്ക്കും അച്ഛനും പിന്നീട് കുത്തുവാക്കുകളും പരിഹാസങ്ങളുമാണ് ഏറ്റുവാങ്ങേണ്ടി വന്നത്..

സൗഹൃദങ്ങൾ അനുഭൂതിയുടെ വർണ്ണങ്ങളായി മാറേണ്ട സമയത്ത് അവൾക്ക് കൂട്ട് ഏകാന്തതയായിരുന്നു. കളിപ്പാട്ടങ്ങൾ കൈകളിൽ ലഭിക്കേണ്ട സമയത്ത് ചൂരലിനാലുള്ള പ്രഹരങ്ങളും, ലാളനങ്ങൾക്ക് പകരം ശാസ്യവാക്കുകളും. ഒരാൺ കുഞ്ഞായി പിറന്നിരുന്നുവെങ്കിൽ ഈ ഗതി വരില്ലായിരുന്നു. അവളുടെ കൂടെത്തന്നെ ജനിച്ച ഇളയമ്മയുടെ മകൻ ഇപ്പോൾ കുടുംബത്തിലെ കണ്ണിലുണ്ണിയാണെല്ലാർക്കും. എന്നാൽ അവളുടെ കൂടെയോ എന്നും പ്രശ്നങ്ങളായിരുന്നു. പുറത്തുള്ള കൂട്ട്കെട്ടുകൾക്ക് പോലും അവളെ കുടുംബ കാരണവന്മാർ വിലക്കി. ശൂന്യത തളം കെട്ടിയ ചുറ്റുപാടുകൾക്കിടയിലൂടെ അവൾ വളർന്നു വന്നു..കോടതി ഇന്ന് തന്റെ അച്ഛന്റെയും, അമ്മയുടെയും തിരോധാനത്തിന്റെ കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. പെൺകുഞ്ഞിനെ പിറന്നതിന് കുടുംബത്തിലെ കുലവെറിയുടെ മഹത്വം പറഞ്ഞുനടക്കുന്ന കാരണവന്മാർ നടത്തിയ ദുരഭിമാന കൊലയായിരുന്നു അത്. അവൾ ഇപ്പോഴും ചിന്തിക്കുകയാണ്.... ദൈവം എനിക്ക് ജീവിതം തന്നു..പക്ഷെ ഇതെന്തു ലോകമാണ്..? സ്നേഹിക്കാൻ അറിയുന്നവർക്ക് സ്നേഹലാളനകൾ പങ്കു വെക്കാൻ ഇടമില്ലാത്ത ലോകം,! സുഖസൗകര്യങ്ങൾ ഉണ്ടായിട്ടുകൂടി അത് അനുഭവിക്കാൻ കഴിയാത്ത ദുരവസ്ഥ..! ഇങ്ങനെ നീണ്ടുപോയി അവളുടെ ആലോചനകൾ.....ടോക്കൺ നമ്പർ 10... "രജിതാ രാമചന്ദ്രൻ".

പെട്ടെന്നുണ്ടായ ഒരു വിളി അവളുടെ ചിന്തയ്ക്ക് ഒരു ലോക്ക് വീണതുപോലെയാക്കി.... പരിസരം മറന്നുള്ള തന്റെ ആലോചനകൾ ഒരുപാടങ്ങു കാടുകയറിയെന്നവൾക്ക് മനസ്സിലായി. ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തിരക്കിൽ പുതിയൊരു ജോലി തേടി ഇറങ്ങിയതാണവളിവിടെ. ഇന്റർവ്യൂ നടക്കുന്ന റൂമിലേക്ക് അവൾ കാലെടുത്തുവെച്ചു. ജീവിതത്തിന്റെ ഗതിവിഗതികൾ ഇനി എങ്ങനെയാകണമെന്ന് തീരുമാനിക്കുന്ന ഒരു നിർണ്ണായക നിമിഷമായിരുന്നു അവൾക്കത്. പരിഷ്കൃത കുടുംബത്തിൽ ജനിച്ചതിനാലാവണം അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളില്ലെങ്കിലും ആത്മവിശ്വാസം എന്നൊന്ന് കൂടെയുണ്ടായിരുന്നു...ഏകാന്തതയുടെ ശൂന്യ വേളകളിലും അവൾക്ക് കൂട്ട് ഈ ആത്മവിശ്വാസം തന്നെയായിരുന്നു....ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുകയാണിപ്പോൾ രജിത... കാര്യമായ റിസൾട്ട് ഒന്നും കമ്പനി ഉടമകൾ പറഞ്ഞിട്ടില്ലായിരുന്നു. അല്ലെങ്കിലും സമൂഹം ഒറ്റപ്പെടുത്തുന്ന സ്ത്രീ വർഗ്ഗത്തിനെന്ത് ഗ്യാരണ്ടി...? അവൾ ചിന്തിച്ചു കൊണ്ട് നടന്നകന്നു.. അവൾ വീട്ടിലേക്ക് കയറി... ഇപ്പോൾ തനിച്ചാണ് ജീവിതം.അനാഥത്വത്തിന്റെ കൈപ്പുനീർ കുടിച്ചു വളർന്ന തനിക്ക്, താൻ തന്നെ അച്ഛനും, അമ്മയുമെന്ന് അവൾ സ്വശരീരത്തോട് പറഞ്ഞു ധരിപ്പിച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ഒരു ജോലി നോക്കി പോകാനും ജീവിതമാർഗ്ഗം കണ്ടെത്താനുമുള്ള ചിന്ത വന്നതും.രാത്രിയായി... ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ചിന്തകൾ അവളുടെ ഉറക്കം കെടുത്തി...

താൻ ഒരു പെണ്ണായി ജനിച്ചത് മാതാപിതാക്കളുടെ തെറ്റോ...? അതോ പുത്ര സൗഭാഗ്യം കനിഞ്ഞു നൽകുന്ന ദൈവത്തിന്റെയോ...? ജനിച്ച കുട്ടി പെണ്ണാണെന്നറിഞ്ഞാൽ അവളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബി ഗോത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന്റെ പുതിയൊരു പതിപ്പാണ് ഇന്ന് ഞാൻ നേരിടുന്നതും..

പാതിരാവിന്റ അരണ്ട വെളിച്ചത്തിൽ അവൾ ഓരോന്നും വിളിച്ചുപറയാൻ തുടങ്ങി...എങ്ങും ശൂന്യതയാണവൾക്ക് കൂട്ടിന്... ഉറങ്ങാൻ കിടന്ന അവൾ പാതിരാവിലെ നക്ഷത്രങ്ങളെയും ചന്ദ്രനേയും നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നു..

അല്ലയോ മനുഷ്യരെ, സ്ത്രീ വീടിന്റെ വിളക്കാണ്, പുരുഷന്മാരുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പാശ്ചാത്യ ചിന്തകൻമാർ പറഞ്ഞിട്ടുമുണ്ട്. ആകാശത്തിലെ അനന്തതയിലേക്ക് നോക്കി യാഥാർത്ഥ്യങ്ങളെ അവൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു......

Malayalam short story 2020


യഥാർത്ഥത്തിൽ പ്രകാശമാണ് ഓരോ സ്ത്രീയും. ഓരോ വീടിനെയും, കുടുംബത്തെയും ആ പ്രകാശം ആവരണം ചെയ്യുമ്പോൾ ലോകം തന്നെ മാറും. അവൾ ചിന്തക്ക് ഇതോടെ വിരാമമിട്ടു. ഈ ഒറ്റപ്പെട്ട സങ്കട ജീവിതം തനിക്ക് മാത്രമായിരിക്കില്ല ഉണ്ടാവുകയെന്ന് അവൾ മനസ്സിനോട് പറഞ്ഞു കൊണ്ട് വീട്ടകം നിറഞ്ഞു നിന്ന ശൂന്യതയിൽ തന്നെ അവൾ അന്തിമയങ്ങി....

വീണ്ടും ഓരോ രാജിതമാർ ഉറക്കത്തിലും,ഉണർവ്വിലും പറയുന്നത് സ്ത്രീയാഥാർഥ്യങ്ങളാണ്. അപ്പോൾ ഇവിടെ മാറ്റപ്പെടേണ്ടത് ഈ യാഥാർഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ശൂന്യതകളെയുമാണ്.....
നിങ്ങളുടെ സൃഷ്ട്ടികൾ ഞങ്ങൾക്ക് അയച്ചു തരിക ഞങ്ങൾ പ്രസിദ്ധീകരിക്കാം അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a comment

0 Comments