സമന്വയ വിദ്യാഭ്യാസത്തിന്റെ കേരള ഭൂമിക : ബാനീ റഹ്മാനിയ്യയുടെ സ്വാധീനം

 സയ്യിദ് മുഹമ്മദ് ശാക്കിർ കടമേരി

കടത്തനാടിൻ്റെ മണ്ണിൽ ഇരുട്ടിൻ്റെ അപശബ്ദങ്ങൾ ഉയർന്നു പൊങ്ങിയപ്പോൾ സ്വത്വം നഷ്ടപ്പെട്ട മുസ്ലിം സമുദായത്തിന് നേരിൻ്റെയും വെൺമയുടെയും ദിശാബോധം കാട്ടിയ അത്യപൂർവ്വം ചില മനുഷ്യരുണ്ട്.. മറഞ്ഞു കൊണ്ടിരിക്കുന്ന ദീനീ ചൈതന്യത്തിന് നവോൽക്കർഷം പകർന്ന ചിലർ. കാലത്തിന് പോലും മായ്ക്കാനാവാത്ത ഉപരി വിപ്ലവങ്ങൾ  സാധ്യമാക്കിയവരാണവർ.സമന്വയ കലയുടെ ആചാര്യനായിരുന്ന ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യാർ (ന:മ)യും അക്കൂട്ടത്തിലാണ്. മഹാൻ നടന്നു തീർത്ത വഴിയോരങ്ങളിൽ പ്രതിബന്ധങ്ങൾ സമ്മർധമായെങ്കിലും സർവ്വതും റബ്ബിലർപ്പിച്ചത്കൊണ്ട് മന്താരക്കാറ്റ് കുളിർ ചൊരിഞ്ഞു കൊണ്ടിരുന്നു.മരങ്ങൾ തണലൊരുക്കി. പൂക്കൾ പരിമളം വിതറി.ബിദ്അത്തിൻ്റെ അശരീരികളുയർന്നപ്പോൾ ദീനീ പ്രഭയെ കാത്തു സൂക്ഷിക്കാൻ റഹ്മാനിയ്യയെന്ന സമന്വയ വിദ്യാഭ്യാസ സ്ഥാപനത്തിന് ചുക്കാൻ പിടിച്ച ബാനീ റഹ്മാനിയ്യയെ കാലം പോലും സ്മരിക്കുന്നു. അവരുടെ ഓർമ്മക്ക് മുമ്പിൽ കൃതാർത്ഥരായി ജനസഞ്ചയവും.

Bani-rahmaniyya-cheekkilott-kunjammed-musliyar-rahmaniyya-arabic-college-katameri


സമന്വയത്തിൻ്റെ അരനൂറ്റാണ്ട് വിപ്ലവാത്മകതയുടെ വളർച്ചയാണ് 

കാലം സാക്ഷിയാണ്. ചരിത്രത്തിൽ ചന്തമുള്ള കഥകൾ തുന്നിച്ചേർക്കപ്പെടുമ്പോൾ അധ്യാത്മികതയുടെ അനന്ത സാധ്യതകളിലേക്ക് പാത വിരിച്ച മഹാന്മാരെ വിസ്മരിച്ചു കൂടാ. അവരിൽ നിന്നാണല്ലോ പുതിയ ചിന്താധാരകളുടെ ആവിർഭാവത്തിന് വഴിതെളിഞ്ഞത്. ഒരു കാലത്ത് പാരമ്പര്യ ദർസീ സമ്പ്രദായങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഗുരുകുല പദ്ധതികൾ ശിർക്കും പുത്തനാശയവുമാണെന്ന് വിശ്വസിച്ചിരുന്നെങ്കിൽ സമന്വയ വിദ്യ കൂടുതൽ പ്രായോഗികമാവുമെന്ന് പിൽക്കാല പണ്ഡിതന്മാർ മനസ്സിലാക്കി.. പൊലിമ മാറാത്ത പാരമ്പര്യത്തോട് പുതുമയുടെ ചേരുവകൾ കൂടി ചേർത്തതോടെ കേരളത്തിലങ്ങോളമിങ്ങോളം സമന്വയ കലാലയങ്ങൾ പൊങ്ങുകയും വൈജ്ഞാനിക വിസ്ഫോടനങ്ങൾക്ക് നാന്ദി കുറിക്കുകയും ചെയ്തു. വെറും പഴഞ്ചനെന്ന് അധിക്ഷേപിച്ച് മുസ്ലിം സമുദായം അരികു വൽക്കരിക്കപ്പെട്ടപ്പോൾ താനൂർ ഇസ്ലാഹുൽ ഉലൂം, കടമേരി റഹ്മാനിയ്യ, വാഫി, ഹുദവി, സ്ഥാപനങ്ങൾ മുന്നോട്ടുവെച്ച സമന്വയ വീക്ഷണങ്ങൾ സ്വയം സാക്ഷരരെന്ന് അവകാശപ്പെടുന്ന പലർക്കും തിരിച്ചടിയായി.എന്നാൽ സമന്വയ വിദ്യാഭ്യാസ രീതി കേരളീയ ജനതക്ക് പരിചയപ്പെടുത്തിയതിൽ ബാനീ റഹ്മാനിയ്യയുടെ പങ്ക് നിസ്തുല്യമാണ്. കാലത്തിന് മുമ്പേ കാലം കാതോർക്കുന്ന പണ്ഡിത കേസരികൾക്ക് വളർന്ന് വരാനുള്ള സാഹചര്യം സൃഷ്ടിച്ച ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യാരെന്ന (ന:മ) മഹാമനീഷിയെ അത്ര പെട്ടെന്നൊന്നും മറക്കാൻ പലർക്കുമാവില്ല. അറിവിൻ്റെയും കലയുടെയും വേറിട്ട അധ്യാപന പരിശീലനങ്ങളിലൂടെ റഹ്മാനിച്ചയിന്നും ഉത്തമ മാതൃകയായി വിളങ്ങി നിൽക്കുമ്പോൾ തങ്ങൾക്കുള്ളിലെ സർഗാത്മകത തെളിയിക്കാനും സർവ്വകലാവിദ്യയിലും വൈദക്ത്യമുണ്ടാക്കുവാനും കഴിഞ്ഞെന്ന ചാരിദാർത്യമാണ് അവരെല്ലാം പങ്കുവെക്കുന്നത്. അര നൂറ്റാണ്ടിനാൽ അരക്കെട്ടുറപ്പിച്ച പ്രബുദ്ധതയുടെ  ചാരിദാർത്ഥ്യത്താൽ അണുകിട വ്യതിചലിക്കാതെയുള്ള സഞ്ചാരമാണ് റഹ്മാനിയ്യക്കുള്ളത്.എം.എം ബഷീർ മുസ്ലിയാർ, അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരിൽ തുടങ്ങി കോട്ടുമല എം.എം ബാപ്പു മുസ്ലിയാർ,ഉസ്താദ് മാഹിൻ ബാഖവി, എം.ടി അബ്ദുള്ള മുസ്ലിയാർ എന്നിവരിലവസാനിക്കുന്ന ഗുരുമുഖങ്ങളുടെ ഗുരുത്വവും പൊരുത്തവും നേടി അറിവ് സ്വായത്തമാക്കിയ റഹ്മാനിയ്യ സന്തതികൾ ലോകത്തിൻ്റെ നാനാദിക്കുകളിലും ദാഇകളായി നിലകൊള്ളുന്നു.പ്രഭാഷകന്മാരായും എഴുത്തുകാരുമായി സമൂഹത്തിൽ നിറസാന്നിധ്യമായവർ സമുദായത്തിന് ദിശ നിർണയിക്കുന്നു .അതിനാൽ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യാരുടെ (ന:മ) ആത്മീയതയിൽ ഉയിർ കൊണ്ടറഹ്മാനിയ്യ സമുച്ഛയത്തിന് പിന്നിൽ അരനൂറ്റാണ്ടിൻ്റെ നിതാന്ത പരിശ്രമത്തിൻ്റെ ചരിത്രം അയവിറക്കാനുണ്ട്..

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാർ (ന:വ): നവയുഗത്തിൻ്റെ രാജശിൽപ്പി.

വsക്കെ മലബാറിലെ കേളികേട്ടതറവാടായ ചീക്കിലോട്ട് കുടുംബത്തിൽ കീഴന കുഞ്ഞമ്മദ് ഹാജി -ഫാത്തിമ ദമ്പതികളുടെ മകനായിട്ടായിരുന്നു കുഞ്ഞമ്മദ് മുസ്ല്യാരുടെ ജനനം .അറിവ് കൊണ്ട് ധനികനല്ലെങ്കിലും അദ്ദേഹത്തിൻ്റെനിഷ്കപടമായ കർമങ്ങൾക്കും ത്യാഗസന്നദ്ധമായ സേവനങ്ങൾക്കും ദാരിദ്രമില്ലായിരുന്നു. അരുമ പിതാവിൻ്റെ സമക്ഷത്തിൽ നിന്നും അറിവിൻ്റെ ആദ്യാക്ഷരങ്ങൾ നുകർന്നതിന് ശേഷം വീടിൻ്റെ തൊട്ടടുത്തുള്ള പള്ളിദർസിൽ പ്രാഥമിക പഠനം നടത്തി.തയ്യിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ ഓത്തുപള്ളിയിലെയും ചോയിക്കണ്ടത്തിൽ സൂപ്പി മുസ്ലിയാർ ,ശങ്കർ കുരിക്കൾ എന്നിവർ എഴുത്തുപള്ളിയിലെയും ഗുരുനാഥന്മാരായിരുന്നു. തികഞ്ഞ സാമൂഹിക തൽ പരനായിരുന്ന അദ്ദേഹത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ പലരെയും ആകർഷിപ്പിച്ചു. വടകരയിലും പ്രാന്തപ്രദേശങ്ങളിലും പള്ളിദർസുകൾ സുഗമമായി നടന്നു പോന്നെങ്കിലും 1970 കളിൽ ബിദ്അത്തിൻ്റെ ദുശ്പ്രചരണങ്ങൾ ദർസീ സമ്പ്രദായങ്ങൾക്ക് മങ്ങലേൽപ്പിച്ചു.ഈ സാഹചര്യത്തിലാണ് ദീനിൻ്റെ നിലനിൽപ്പ് അനിവാര്യമാണെന്ന്  മനസ്സിലാക്കിയ അദ്ദേഹം ഒരു അറബിക്കോൻ്റെ സാക്ഷാൽക്കാരത്തിന് ഇറങ്ങിത്തിരിച്ചത്.ക്യത്യമായ വാർത്താവിനിമയ ഗതാഗത സംവിധാനങ്ങൾ നിലവിൽ വരാത്ത കാലത്ത് എങ്ങനെയൊരു അറബിക്കോളേജിന് ശിലയിടുമെന്ന് പലരും വിചാരിച്ചു കാണും. ചിലർ പരിഹാസത്തിൻ്റെ നോട്ടമ്പുകളെയ്തു, മറ്റു ചിലർ അസഭ്യം പറഞ്ഞു. അതിനൊന്നും ചെവികൊടുക്കാതെ ഇലാഹീ വിളിയെന്നോണംതൻ്റെ മനസ്സിൽ തെളിഞ്ഞ സ്വപ്നത്തെ നടപ്പിലാക്കാനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം.രണ്ടാം പൊന്നാനി എന്ന് വിശേഷിപ്പിക്കുന്ന നാദാപുരത്തെ ആദർശധീരരായ പണ്ഡിതരെ ഒരുമിച്ച് കൂട്ടിയ കൺവെൻഷനിൽ കടമേരിയിലൊരു അറബിക്കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചു. അവരുടെ കർമ്മനൈരന്ത്യത്തിൻ്റെ ഫലമായി 1972 മെയ് രണ്ടിന് പാണക്കാട് പൂക്കോയ തങ്ങൾ റഹ്മാനിയ്യ സമുച്ചയത്തിന് അടിത്തറയിട്ടു. അതേ സമയം കടമേരി പള്ളിയുടെ മൂലയിൽ ഷെഡ് കെട്ടി കൂടിയ പള്ളിദർസ് തന്നെ അവതാളത്തിലായതിനാൽ ദൈനന്തിന ചെലവുകൾക്ക് പ്രയാസപ്പെട്ടു. കുറച്ചു കാലം റഹ്മാനിയക്ക് വേണ്ടി കെട്ടിപ്പൊക്കിയ തറയിൽ മരച്ചീനി കൃഷി ചെയ്തു.തറവാട് മഹിമ കൊണ്ട് ധനികനാണെങ്കിലും റഹ്മാനിയ്യയുടെ ആവശ്യാർത്ഥം മുട്ടാത്ത വാതിലുകളില്ല.കയറിച്ചെല്ലാത്തപടികളും.കിട്ടുന്ന തൊക്കെ ശേഖരിക്കാൻ മടികാണിക്കാത്ത അദ്ദേഹത്തെ ധനികനായ ഫഖീർ എന്ന ഖ്യാതിയിൽ അറിയപ്പെട്ടു.

സമന്വയം: ബാനിയുടെ ദാർശനിക ചിന്തകൾ

അറിവിൻ്റെ അക്ഷര ഘനികൾ തേടി റഹ്മാനിയ്യയിലേക്ക് കടന്നു വരുന്ന കുരുന്നു മക്കളുടെ സൗകര്യങ്ങൾക്കായുള്ള അവിശ്രമ പരിശ്രമത്തിലും കുഞ്ഞമ്മദ് മുസ്ലിയാർ (ന: മ ) സ്വപ്നം കണ്ടത് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനമാണ്. ഇൽമും അതിൻ്റെ അധീവ കാര്യകർത്താക്കളും ഇലാഹിലേക്കുള്ള വഴിയsയാളമായതിനാൽ മഹാൻ സഞ്ചാരം തുടർന്നു.കോട്ടുമലയിലെ ഉറ്റ സഹപാഠിയായിരുന്ന എം.എം ബഷീർ മുസ്ലിയാർ(ന:മ)യുടെ കൂട്ട് അദ്ദേഹത്തിന് കുടുതൽ ആർജവം പകർന്നു. കാര്യങ്ങളെ കാലെ കൂട്ടി കാണാനുള്ള ബഷീർ മുസ്ലിയാരുടെ(ന:മ) കരുത്തും ബാനി (ന:മ) യുടെ അർപ്പണബോധമുള്ള വിശ്വാസവും റഹ്മാനിയക്ക് പുതുപുത്തൻ പിറവി സമ്മാനിച്ചെന്നത് തീർച്ച.1973 ൽ എം.എം ബഷീർ മുസ്ല്യാർ (ന:മ) പ്രിൻസിപ്പൾ പദവിയിലെത്തിയത് മുതൽ റഹ്മാനിയ്യക്ക് ഉത്തരോത്തരം പുരോഗതിയിലെത്താനായി. റഹ്മാനിയ്യയുടെ ആരംഭം തൊട്ടേ ചില മാറ്റങ്ങൾ ശ്രദ്ധേയമാണ് . ആ മാറ്റങ്ങളെയാണ് പിൽക്കാലത്തെ ദർസുകളും അറബി കോളേജുകളും കടമെടുത്തത്. ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡ്, ഉസ്താദുമാരുടെ ലീവ് വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ, വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന പട്ടിക, മുതലായവ അതിൽ ചിലത്.പല വിദ്യാഭ്യാസ സംരഭകരും മാതൃക ഉൾകൊണ്ടത് ബാനിയിൽ നിന്നാണെന്നത് വാസ്തവികം. സമന്വയ വിദ്യാഭ്യാസത്തിൻ്റെ തുടക്കമെന്നോണം അറബി ഉറുദു ഇംഗ്ലീഷ് ഭാഷകൾ പoനത്തിൻ്റെ ഭാഗമാക്കി. ഭാഷാപഠനം അറബി കിതാബുകൾക്ക് പുറമെ ആയതിനാൽ ബാനി (ന:മ) പ്രത്യേകം  അധ്യാപകരെ നിയമിച്ചു.റഹ്മാനിയ്യ സന്തതികളെ ബഹുമുഖ പ്രതിഭയാക്കാനുള്ള സാഹിത്യ സമാജം സിലബസിൽ ഉൾപ്പെടുത്തി. കസേര മുടച്ചിൽ, ടൈലറിംങ്ങ്, ആശാരിപ്പണി, മെക്കാനിക്കിങ്ങ് തുടങ്ങിയ കൈതൊഴിലുകൾ അഭ്യസിപ്പിച്ചു.. ഡ്രൈവിങ്ങ് പഠിക്കാൻ അവസരങ്ങളൊരുക്കി. അതിലും ഒതുങ്ങിയില്ല ബാനിയുടെ സമീപനങ്ങൾ. അത്യാധുനികതയറിയാനും ലോകത്തിൻ്റെ ചലനം വിരൽതുമ്പിൽ സാധ്യമാക്കാനുമുള്ള ഒരു മികച്ച ടൈപ്പ് റൈറ്റിങ് സെൻ്റർ കൂടി ബാനിയുടെ ചിന്തകളിൽ ഇടം പിടിച്ചിരുന്നു.റഹ്മാനിയ്യയിൽ വിദ്യാഭാസ വികസനത്തിൻ്റെ പുത്തൻ നാമ്പുകൾ പിറവിയെടുക്കുമ്പോഴും എൻ്റെ വിദ്യാർത്ഥികൾക്ക് ഇതുമതിയോ എന്ന ചോദ്യത്തിന് മഹാൻ സ്വയം കണ്ടെത്താറുള്ള മറുപടി മതിയായിട്ടില്ല എന്നു തന്നെ. വെളിച്ചമണയാത്ത ആ ദീപശിഖയിൽ റഹ്മാനിയ്യ അതിൻ്റെ അഭിമാനകരമായ  മുന്നേറ്റം തുടർന്നു.കാല ഭേതങ്ങൾക്കിപ്പുറത്തേക്ക് റഹ്മാനിയ്യയൊരു മാതൃകായോഗ്യമായ ബ്രാൻഡായി മുദ്ര കുത്തപ്പെടുമ്പോൾ തഖ് വയും ആത്മവിശ്വാസവും വികാസങ്ങളുടെ അടിത്തറയാക്കി മാറ്റിയ കുഞ്ഞമ്മദ് മുസ്ലിയാർ(ന:മ) തളർന്നു പോയ കേരള മുസ്ലിമീങ്ങളുടെ ഓജസും പ്രതാപവുമാണ് വീണ്ടെടുത്തത്.. പർണശാലകൾ പുനർജനിക്കുന്നത് വിപ്ലവങ്ങൾ രചിക്കാനാണ്. ഇരുട്ട് നിറഞ്ഞ് അന്ധത പെരുകുന്ന ലോകത്ത് വെളിച്ചത്തിൻ്റെ കെടാവിളക്കായ് റഹ്മാനിയ്യ ഗോപുരം പ്രശോഭിച്ച് നിൽക്കുമ്പോൾ അതിൻ്റെ ശിൽപ്പിയെ എങ്ങനെ മറക്കാനാവും.അവരെന്നോ മാനസ്സുകളിൽ കുടികൊണ്ടിരിക്കുന്നു.

*

إرسال تعليق (0)
أحدث أقدم